ഫെബ്രുവരി 6 ന് ഗോളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന തന്റെ 100-ാം ടെസ്റ്റിനുശേഷം ശ്രീലങ്കൻ ഓപ്പണർ ദിമുത് കരുണരത്‌നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും. 99 ടെസ്റ്റുകളിൽ നിന്ന് 16 സെഞ്ച്വറികൾ ഉൾപ്പെടെ 7,172 റൺസ് നേടിയ കരുണരത്‌നെ, പതിവ് ടെസ്റ്റ് മത്സരങ്ങളുടെ അഭാവവും തന്റെ മോശം പ്രകടനവുമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് പറഞ്ഞു.
2012 ൽ അരങ്ങേറ്റം കുറിച്ച 36 കാരനായ അദ്ദേഹം ശ്രീലങ്കയുടെ ടെസ്റ്റ് ടീമിലെ നിർണായക ഘടകമായിരുന്മു. 2019 ൽ ദക്ഷിണാഫ്രിക്കയിൽ ടീമിനെ 2-0 ന് ചരിത്രപരമായ പരമ്പര വിജയത്തിലേക്ക് അദ്ദേഹം നയിക്കുകയും ചെയ്തു. 10,000 ടെസ്റ്റ് റൺസ് നേടുക എന്ന വ്യക്തിഗത ലക്ഷ്യം മുന്നിൽ ഉണ്ടായിരുന്നു എങ്കിലും ശ്രീലങ്ക കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം പരിമിതമായതിനാൽ ആ ലക്ഷ്യത്തിൽ എത്താനായില്ല എന്ന് അദ്ദേഹം പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലഘട്ടത്തിലെ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആയ കരുണരത്‌നെ അടുത്തിടെ റൺസിനായി പാടുപെട്ടു, അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് 182 റൺസ് മാത്രം നേടി. 2021 ൽ ബംഗ്ലാദേശിനെതിരെ നേടിയ 244 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ, 2018, 2021, 2023 വർഷങ്ങളിൽ ഐസിസി ടെസ്റ്റ് ടീമിൽ ഇടം നേടി.