ധോണിയെ 2019 ലോകകപ്പിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

2019ൽ നടക്കുന്ന ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി കളിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. ധോണി ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിൻഡീസിനും ഓസ്ട്രേലിയക്കുമെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമിൽ ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സുനിൽ ഗവാസ്കറിന്റെ പ്രതികരണം.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. അതെ സമയം ഈ വിക്കറ്റ് കീപ്പർ എന്ന നിലക്ക് ധോണിക്ക് പകരക്കാരനാവാൻ ആരുമില്ല എന്നതും ഒരു വസ്തുതയാണ് . ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റൻ എന്ന നിലയിൽ ലോകകപ്പിൽ വിരാട് കോഹ്‌ലിക്ക് ഉപകാരപ്പെടുമെന്നും ഗാവസ്‌കർ പറഞ്ഞു.  മത്സരത്തിനിടെ ഫീൽഡർമാരെ നിർത്താനും ബൗളർമാർക്ക് നിർദേശങ്ങൾ നൽകാനും ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ വേണമെന്ന് ഗവാസ്‌ക്കർ പറഞ്ഞു.