എപ്പോൾ വിരമിക്കണമെന്ന് ധോണിക്ക് വ്യക്തമായി അറിയാമെന്ന് ശിഖർ ധവാൻ

Staff Reporter

ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് വ്യക്തമായി അറിയാമെന്ന് ഇന്ത്യൻ ഓപണർ ശിഖർ ധവാൻ. ധോണി തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഒരുപാടു സുപ്രധാന തീരുമാനങ്ങൾ എടുത്ത താരമാണെന്നും അത് കൊണ്ട് തന്നെ എപ്പോൾ വിരമിക്കണമെന്ന് കാര്യം ധോണിക്ക് വിടണമെന്നും ധവാൻ പറഞ്ഞു.

“ധോണി ഒരുപാട് കാലമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്, എനിക്ക് മനസ്സിലാവുന്നത് ധോണി എപ്പോൾ വിരമിക്കണമെന്ന കാര്യം താരത്തിന് വ്യക്തമായി അറിയാം. ഇന്ത്യക്ക് വേണ്ടി ഒരുപാടു സുപ്രധാന തീരുമാനങ്ങൾ എടുത്ത താരമാണ് ധോണി. അത് കൊണ്ട് തന്നെ സമയമാവുമ്പോൾ ധോണി തന്നെ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കും” ധവാൻ പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പരമ്പരയിലും ഇന്ത്യയിൽ പര്യടനം നടത്തുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിലും ധോണി കളിച്ചിരുന്നില്ല. സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് ധോണി വിട്ട് നിന്നത്.