മാത്യൂസിന് അർധ സെഞ്ച്വറി, ശ്രീലങ്ക ലീഡിലേക്ക് അടുക്കുന്നു

ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം സെഷനിലേക്ക് കടക്കുമ്പോൾ ശ്രീലങ്ക മികച്ച നിലയിൽ തുടരുന്നു. ശ്രീലങ്ക ഇപ്പോൾ 264-3 എന്ന നിലയിലാണ്‌. ഇന്ന് തുടക്കത്തിൽ തന്നെ 161 പന്തിൽ 85 റൺസ് എടുത്ത കുശാൽ മെൻഡിസിന്റെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി എങ്കിലും അവർ പതറിയില്ല. മാത്യൂസും ചന്ദിമാലും കൂടെ ശ്രീലങ്കയെ ഇപ്പോൾ ലീഡിലേക്ക് അടുപ്പിക്കുകയാണ്.

51 റൺസുമായി മാത്യൂസും 29 റൺസുമായി ചന്ദിമാലും ഇപ്പോൾ ക്രീസിൽ ഉള്ളത്‌. ഇപ്പോൾ 100 റൺസ് മാത്രം പിറകിലാണ് ശ്രീലങ്ക. 86 റൺസ് എടുത്ത ക്യാപ്റ്റൻ കരുണരത്നെയും 6 റൺസ് എടുത്ത ഓപ്പണർ നിസാങ്കയും ഇന്നലെ തന്നെ പുറത്തായിരുന്നു. സ്റ്റാർകും സ്പെസണും ലിയോണും ഓസ്ട്രേലിയക്കായി വിക്കറ്റുകൾ വീഴ്ത്തി.

പുറത്താകാതെ 145 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റെ മികവിലായിരുന്നു ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 364 റൺസ് എടുത്തത്. ലബുഷാനെയും ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടിയിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കയ്ക്ക് ആയി 6 വിക്കറ്റുകൾ വീഴ്ത്തി.