ഡേവിഡ് വാർണർ ഓസ്‌ട്രേലിയൻ ക്രിക്കറ്റെർ ഓഫ് ദി ഇയർ

കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ അവാർഡ് ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്ക്. ലോകകപ്പിലും തുടർന്നും താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് വാർണർക്ക് അവാർഡ് നേടിക്കൊടുത്തത്. കൂടാതെ മികച്ച ഏകദിന താരവും ടി20 താരവും ഡേവിഡ് വാർണർ തന്നെയാണ്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‍കാരം മാർക്ക് ലബുഷെയിൻ സ്വന്തമാക്കി.

ഒരു വോട്ടിന്റെ വ്യതാസത്തിലാണ് ഡേവിഡ് വാർണർ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസുമാണ്. നേരത്തെ 2016ലും 2017ലും ഡേവിഡ് വാർണർ ഈ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ഡേവിഡ് വാർണർ കളിക്കളത്തിൽ മടങ്ങി എത്തിയതിന് ശേഷം മികച്ച ഫോമിലാണ്. ലോകകപ്പിൽ 647 റൺസ് അടിച്ചുകൂട്ടിയ വാർണർ ഏറ്റവുംകൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രോഹിത് ശർമ്മക്ക് കീഴിൽ രണ്ടാമതായിരുന്നു.

മികച്ച ഓസ്‌ട്രേലിയൻ വനിതാ താരമായി അലിസാ ഹീലിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. മികച്ച ഏകദിന താരവും മികച്ച ടി20 താരവും അലീസ ഹീലി തന്നെയാണ്.