ഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ നിര്‍ണ്ണായക വിക്കറ്റുകളും

ഇന്ത്യ നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 12/2 എന്ന നിലയില്‍ പരുങ്ങലിലായിരുന്നുവെങ്കിലും മുഹമ്മദ് നയിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിന്റെ അവിസ്മരണീയ ബൗളിംഗ് സ്പെല്ലിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ. മുഹമ്മദ് നയിം ഒറ്റയ്ക്ക് ഇന്ത്യന്‍ ക്യാമ്പുകളില്‍ ഭീതി പരത്തിയെങ്കിലും ചഹാര്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തതോടെ മേല്‍ക്കൈ ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു. 98 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് നേടിയത്.

34 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയ നയിം ഗിയര്‍ മാറ്റി വെടിക്കെട്ട് പ്രകടനം പുറത്തടുക്കുന്നതിനിടയിലാണ് മുഹമ്മദ് മിഥുനെയും(27), മുഷ്ഫിക്കുര്‍ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായത്. താന്‍ നേരിട്ട ആദ്യ പന്തിലാണ് റഹിം പൂജ്യത്തിന് പുറത്തായത്. ശിവം ഡുബേയ്ക്കായിരുന്നു വിക്കറ്റ്. 48 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ നയിമിന്റെ വിക്കറ്റും വീഴ്ത്തി ശിവം ഡുബേയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

അധികം വൈകാതെ അഫിഫ് ഹൊസൈനെ പുറത്താക്കി ശിവം ഡുബേ തന്റെ മൂന്നാം വിക്കറ്റ് നേടി. 30 റണ്‍സ് മാത്രമാണ് ഡുബേ വിട്ട് നല്‍കിയത്. ദീപക് ചഹാറാകാട്ടെ അവിസ്മരണീയമായ സ്പെല്ലാണ് പുറത്തെടുത്തത്. 3.2 വെറും 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ചഹാര്‍ ആറ് വിക്കറ്റ് നേടിയത്.

19.2 ഓവറില്‍ 144 റണ്‍സിന് ബംഗ്ലാദേശ് പുറത്തായപ്പോള്‍ ഇന്ത്യ 30 റണ്‍സിന്റെ വിജയവും പരമ്പരയും സ്വന്തമാക്കി.

Previous articleസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരിയിൽ, കേരളം ഗ്രൂപ്പ് എയിൽ
Next articleഇന്ത്യയ്ക്കായി ടി20യിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി ദീപക് ചഹാര്‍, ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ് സ്പെല്‍