ഒളിമ്പിക് സംഘടനയുടെ നടപടിയ്ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്, നിയമോപദേശം തേടി

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കിയ സൗത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക് കമ്മിറ്റിയുടെ(SASCOC) തീരുമാനത്തിനെതിരെ നടപടിയെടുക്കുവാനുള്ള നിയമോപദേശം തേടി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. സംഘടനയുടെ തീരുമാനം യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഈ ഒളിമ്പിക് സംഘടന സര്‍ക്കാര്‍ സംഘടന അല്ലെങ്കിലും ദക്ഷിണാഫ്രിക്കയിലെ എല്ലാ സ്പോര്‍ട്സ് ഫെഡറേഷനുകളും ഇവയിലെ അംഗമാണ്. ഇത് കൂടാതെ ഈ സംഘടനകളെയെല്ലാം നിയന്ത്രിക്കുവാനുള്ള അധികാരവും ഈ സംഘടനയ്ക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് തങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടപെട്ടതാണെന്നാണ് സംഘടനയുടെ വാദം.

എന്നാല്‍ ഐസിസി ഭരണഘടന പ്രകാരം ഒരു അസോസ്സിയേഷന്റെയും നടപടികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുവാന്‍ പാടില്ലെന്നാണ്. അത് ടീം തിരഞ്ഞെടുപ്പായാലും മറ്റു എന്ത് പ്രവര്‍ത്തനങ്ങളിലും ഈ ഇടപെടല്‍ സംഭവിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ നിയമം.