സെയില്‍സ് & സ്പോണ്‍സര്‍ വിഭാഗം തലവനെ പിരിച്ച് വിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെയില്‍സ് & സ്പോണ്‍സര്‍ റിലേഷന്‍സ് തലവനെ പിരിച്ച് വിട്ടതായി അറിയിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. മുന്‍ അന്താരാഷ്ട്ര താരം കൂടിയായ ക്ലൈവ് എക്സ്റ്റീനിനെയാണ് ബോര്‍ഡ് പിരിച്ച് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി നവംബര്‍ 1991 മുതല്‍ ഫെബ്രുവരി 2000 വരെ കളിച്ചിട്ടുള്ള താരമാണ് ക്ലൈവ്. ഏഴ് ടെസ്റ്റുകളിലും 6 ഏകദിനങ്ങളിലും താരം ദക്ഷിണാഫ്രിക്കയെ പ്രതിനിധാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഏഴ് സീനിയര്‍ സ്റ്റാഫ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതില്‍ ആദ്യം സസ്പെന്‍ഡ് ചെയ്യപ്പെടുന്ന വ്യക്തിയായിരുന്നു ക്ലൈവ്. പിന്നീടുള്ള അന്വേഷണത്തിലാണ് ക്ലൈവിന്റെ ഭാഗത്ത് തെറ്റുണ്ടെന്നും താരത്തെ പിരിച്ചുവിടുകയാണെന്നും ബോര്‍ഡ് അറിയിച്ചത്.