CPL

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

റഖീം കോണ്‍വാല്‍ തുടക്കത്തില്‍ റിട്ടേര്‍ഡ് ആയെങ്കിലും മികച്ച തുടക്കമാണ് സെയിന്റ് ലൂസിയ സൂക്ക്സിന് ലഭിച്ചത്. ഫ്ലെച്ചറും മാര്‍ക്ക് ദേയാലും ചേര്‍ന്ന് മികച്ച തുടക്കം നേടിയ ശേഷം 17 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ക്ക് ദേയാല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 73 റണ്‍സായിരുന്നു. 11.5 ഓവറില്‍ ആന്‍ഡ്രേ ഫ്ലെച്ചറെ നഷ്ടമായ ശേഷമാണ് സൂക്ക്സിന്റെ തകര്‍ച്ചയുടെ തുടക്കം.

33 പന്തില്‍ 46 റണ്‍സ് നേടിയ ഫ്ലെച്ചറിനെയും റോസ്ടണ്‍ ചേസിനെയും അടുത്തടുത്ത ഓവറുകള്‍ ജോണ്‍-റസ് ജാഗേസര്‍ പുറത്താക്കിയ ശേഷം സൊഹൈല്‍ തന്‍വീര്‍ നജീബുള്ള സദ്രാനെയും ഡാരെന്‍ സാമിയെയും പുറത്താക്കിയപ്പോള്‍ 123/5 എന്ന നിലയിലേക്ക് 14.4 ഓവറില്‍ സൂക്ക്സ് പ്രതിരോധത്തിലായി.

തിരികെ ബാറ്റിംഗിനെത്തിയ റഖീം കോണ്‍വാല്‍ റണ്ണൗട്ടാകുമ്പോള്‍ 16 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ 19ാം ഓവറില്‍ സൊഹൈല്‍ തന്‍വീറിനെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സെയിന്റ് ലൂസിയ ഇന്നിംഗ്സിന് അവസാനം ആശ്വാസം പകര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇരുനൂറിനടുത്ത് സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ടീമിന് 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മുഹമ്മദ് നബി 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ടീമിന്റെ ടോപ് സ്കോറര്‍ ആന്‍ഡ്രേ ഫ്ലെച്ചറാണെങ്കിലും 3 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം സൂക്ക്സ് ഇന്നിംഗ്സിന്റെ ഗതി മാറ്റുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍, ജോണ്‍-റസ് ജാഗ്ഗേസര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ആണ് പാട്രിയറ്റ്സ് നിരയില്‍ കണക്കറ്റ് പ്രഹരം വാങ്ങിയത്.