ഹീറോ ആയി ഡൊമനിക് ഡ്രൈക്സ്, അവസാന പന്തിൽ കരീബിയൻ പ്രീമിയർ ലീഗ് സ്വന്തമാക്കി സെയിന്റ് കിറ്റ്സ്

കരീബിയൻ പ്രീമിയർ ലീഗ് കിരീടം ബ്രാവോ നായകനായ സെന്റ് കിറ്റ്സ് സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ലൂസിയ കിംഗ്സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് കിറ്റ്സ് കിരീടം സ്വന്തമാക്കിയത്. അവസാന പന്തിൽ ആയിരുന്നു വിജയം. കളി കൈവിട്ടു എന്ന് തോന്നിയ സ്ഥലത്ത് ‌നിന്ന് വെടികെട്ട് ബാറ്റിംഗ് നടത്തിയ യുവതാരം ഡൊമനിക് ഡ്രൈക്സ് ആണ് ഫൈനലിലെ ഹീറോ. 24 പന്തിൽ 48 റൺസ് അടിച്ച് ഡ്രൈക്സ് പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൈന്റ് ലൂസിയ കിങ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് ആയിരുന്നു എടുത്തിരുന്നത്. 21 പന്തിൽ 39 റൺസ് എടുത്ത കീമൊ പോൾ, 32 പന്തിൽ 43 റൺസ് എടുത്ത കോർണ്വാൾ, 40 പന്തിൽ 43 എടുത്ത ചേസ് എന്നിവരാണ് ലൂസിയ കിങ്സിനായി തിളങ്ങിയത്. ഫഹീം അഹ്മദും നസീമും കിറ്റ്സിനായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

160 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിറ്റ്സിന് തുടക്കത്തിൽ തന്നെ റൺ ഒന്നും എടുക്കാത്ത ഗെയ്ലിനെയും 6 റൺസ് മാത്രം എടുത്ത ലൂയിസിനെയും നഷ്ടമായി. പിന്നീട് ജോഷുവയും (37) റൂത് ഫോർഡും (25) നല്ല കൂട്ടുകെട്ട് സൃഷ്ടിച്ചു എങ്കിലും സ്കോറിംഗിന് വേഗം ഉണ്ടായിരുന്നില്ല. അതായിരുന്നു അവസാനം ഡ്രേക്സിന്റെ ഹീറോയിസം വേണ്ടിവരാൻ കാരണം. കിറ്റ്സിന്റെ ആദ്യ കരീബിയൻ പ്രീമിയർ ലീഗ് കിരീടമാണിത്.