കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പത്തില്‍ പത്ത് മത്സരങ്ങളും ജയിച്ചാണ് ടീമെത്തുന്നത്. അതെ സമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് ജമൈക്ക തല്ലാവാസ് സെമിയില്‍ കടന്നത്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിന്റെ ഒരു പോയിന്റുമാണ് ടീമിന് ലഭിച്ചത്.
രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ഗയാന ആമസോണ്‍ വാരിയേഴ്സും മൂന്നാം സ്ഥാനക്കാരായ സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. പ്രാഥമിക ഘട്ടം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും റണ്‍ റേറ്റിന്റെ ബലത്തില്‍ ഗയാനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
ട്രിന്‍ബാഗോയ്ക്ക് ഇതുവരെ പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെങ്കിലും ആന്‍ഡ്രേ റസ്സല്‍ അടങ്ങുന്ന തല്ലാവാസ് നിര അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നതാണ്. ഇനിയൊരു വീഴ്ച സംഭവിച്ചാല്‍ തന്നെ ഇതുവരെ നടത്തിയ മികവുറ്റ പ്രകടനം എല്ലാം നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ട്രിന്ബാഗോയുടേത്. അതേ സമയം യാതൊന്നും നഷ്ടപ്പെടുവാനില്ലാത്ത തല്ലാവാസിന് സമ്മര്‍ദ്ദം കുറവായിരിക്കും മത്സരത്തെ സമീപിക്കുമ്പോള്‍.
ഗയാനയും സൂക്ക്സും തമ്മിലുള്ള പോരാട്ടം തുല്യ ശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാവുന്നതാണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതമാണ് ടീമുകള്‍ വിജയിച്ചത്. അതിനാല്‍ തന്നെ മൂന്നാം തവണ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയം പിടിച്ചെടുക്കുമെന്നത് ഉറ്റുനോക്കേണ്ട കാര്യം തന്നെയാണ്.