കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പ്രവീൺ താംബെ

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മുംബൈയിൽ നിന്നുള്ള പ്രവീൺ താംബെ. തന്റെ 48മത്തെ വയസ്സിലാണ് പ്രവീൺ താംബെ കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം നടത്തിയത്. ഇതോടെ കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും പ്രവീൺ താംബെ സ്വന്തമാക്കി. 48 വയസ്സും 323 ദിവസവും പ്രായമായിരിക്കെയാണ് പ്രവീൺ താംബെ കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി സെന്റ് ലൂസിയ സൂക്‌സിനെതിരെ കളിച്ചുകൊണ്ടാണ് താരം അരങ്ങേറ്റം നടത്തിയത്.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും പ്രവീൺ താംബെ കളിച്ചിട്ടുണ്ട്. 33 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച പ്രവീൺ താംബെ 28 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള പ്രാഥമിക ഡ്രാഫ്റ്റിൽ താംബെ ഉൾപ്പെട്ടെങ്കിലും അബുദാബിയിൽ നടന്ന ടി10 ലീഗിൽ കളിച്ചതിന്റെ പിന്നാലെ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇന്ത്യക്ക് പുറത്തുള്ള ഒരു ആഭ്യന്തര ലീഗിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.