കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്ത നിക്കോളസ് പൂരന്‍, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ക്കൊപ്പം അര്‍ദ്ധ ശതകവുമായി ചന്ദ്രപോള്‍ ഹേംരാജും തിളങ്ങി. പൂരന്‍ 30 പന്തില്‍ നിന്ന് 5 സിക്സുകളടക്കം 61 റണ്‍സ് നേടിയപ്പോള്‍ നാല് സിക്സ് ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് 32 റണ്‍സായിരുന്നു ഷെര്‍ഫൈന്റെ സംഭാവന. ഹേംരാജ് 63 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. ട്രിഡന്റ്സിന് വേണ്ടി റോഷോണ്‍ പ്രൈമസ് രണ്ട് വിക്കറ്റ് നേടി.
കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ബാര്‍ബഡോസിന് വേണ്ടി ആഷ്‍ലി നഴ്സ് 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയെങ്കിലും മറ്റ് താരങ്ങള്‍ പരാജയപ്പെട്ടത് ടീമിനെ 16.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 133 റണ്‍സിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഗയാനയ്ക്ക് വേണ്ടി നാല് വിക്കറ്റ് പ്രകടനവുമായി റൊമാരിയോ ഷെപ്പേര്‍ഡ് ബൗളിംഗില്‍ തിളങ്ങി. ഷദബ് ഖാന് 2 വിക്കറ്റും ലഭിച്ചു.