ഡാനിൽ മെദ്വദേവ്‌ – കൂവിയവരെക്കൊണ്ട് കയ്യടിപ്പിച്ചവൻ

യു.എസ് ഓപ്പൺ തുടങ്ങിയത് മുതൽ ഡാനിൽ മെദ്വദേവും യു.എസ് ഓപ്പൺ കാണികളും തമ്മിൽ ഏതാണ്ട് ഒരു മത്സരം തന്നെയാണ് നടന്നത്. പലപ്പോഴും എതിരാളിയെക്കാൾ റഷ്യൻ താരത്തിന് വെല്ലുവിളി ആയത് തന്നെ കൂവി വിളിക്കുകയും എതിരാളിക്ക് വലിയ പിന്തുണ നൽകുകയും ചെയ്ത യു.എസ് ഓപ്പൺ കാണികൾ ആയിരുന്നു. എന്നാൽ ഫൈനലിൽ റാഫേൽ നദാലിനായി ആർത്ത് വിളിച്ച കാണികളെ പലപ്പോഴും തന്റെ കളി മികവ് കൊണ്ടും മത്സരം 3 സെറ്റിൽ അവസാനിക്കരുത് എന്ന കാണികളുടെ താല്പര്യം കൊണ്ടും തന്റെ കൂടെ നിർത്താൻ മെദ്വദേവിനായി. അത്രക്ക് മികച്ച ടെന്നീസും പോരാട്ടവീര്യവും ആണ് റഷ്യൻ താരം തോറ്റു എങ്കിലും ഫൈനലിൽ പുറത്ത് എടുത്തത്.

മത്സരശേഷം കാണികൾക്ക് നന്ദി പറയാനും റഷ്യൻ താരം മറന്നില്ല. പലപ്പോഴും കാണികളോട് മത്സരിക്കുക എന്നത് തന്നെ പ്രചോദിപ്പിച്ചു എന്നു പറഞ്ഞ മെദ്വദേവ്‌, തനിക്ക് ഇനിയുള്ള വർഷങ്ങളിൽ പിന്തുണ നൽകണം എന്നും ആർതർ ആഷേ സ്റ്റേഡിയത്തിലെ കാണികളോട് അഭ്യർത്ഥിച്ചു. മത്സരശേഷം നാലാം റാങ്കിലേക്ക് മുന്നേറാനും മെദ്വദേവിനായി. കിരീടം നേടിയ നദാലിനെ അഭിനന്ദിച്ച മെദ്വദേവ്‌ ലോകത്ത് ടെന്നീസ് കളിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുട്ടിയുടേതും ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒരാൾ ആണ് നദാൽ എന്നും കൂട്ടിച്ചേർത്തു. നദാലിനെ തോൽപ്പിക്കുക എന്നത് എത്ര പ്രയാസമാണ് എന്ന് തനിക്ക് മനസ്സിലായെന്നും പറഞ്ഞ റഷ്യൻ താരം തന്റെ ടീമിനോടും കുടുംബത്തോടും നന്ദി പറയാനും മറന്നില്ല. പലപ്പോഴും വികാരങ്ങൾ പുറത്ത് കാണിക്കാത്ത മെദ്വദേവ്‌ മത്സരശേഷം കുറച്ച് വികാരഭരിതമായാണ് പ്രതികരിച്ചത്.