ഗൈഡ്ഹൗസിനെതിരെ 7 വിക്കറ്റ് വിജയവുമായി യുഎസ്ടി ഗ്ലോബല്‍

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യുടെ സെമിയില്‍ എത്തി യുഎസ്ടി ഗ്ലോബല്‍. ഇന്ന് നടന്ന മത്സരത്തില്‍ യുഎസ്ടി ഗൈഡ്ഹൗസിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 18.2 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടുകെട്ടുമായി ഷാനവാസ് ഖാന്‍(25), സുധി സുദര്‍ശന്‍(23) കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് തുടരെ വിക്കറ്റുകളുമായി യുഎസ്ടി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. 42/1 എന്ന നിലയില്‍ നിന്ന് 74/8 എന്ന നിലയിലേക്ക് വീണ ഗൈഡ്ഹൗസിനെ ഒമ്പതാം വിക്കറ്റില്‍ 22 റണ്‍സ് നേടിയ നസീം നവാബ്(11), ഷിബിന്‍ സതീശന്‍(14) കൂട്ടുകെട്ടാണ് 96 റണ്‍സിലേക്ക് എത്തിച്ചത്. യുഎസ്ടിയ്ക്കായി മനീഷ് നായര്‍ മൂന്നും രോഹിത്, വിമല്‍ വിജയകുമാര്‍, മഹേശ്വരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

25 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ അനീഷ് കുമാറും 21 റണ്‍സ് നേടിയ ജീത്തുമാണ് 27/3 എന്ന നിലയിലേക്ക് വീണ യുഎസ്ടിയുടെ വിജയം വേഗത്തിലാക്കിയത്. 13.2 ഓവറലാണ് യുഎസ്ടി ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കി സെമിയിലേക്ക് കടന്നത്. ഗൈഡ്ഹൗസിന് വേണ്ടി അനീഷ് രണ്ട് വിക്കറ്റ് നേടി.

Advertisement