ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവറുകളുടെ വ്യത്യാസത്തില്‍ മൂന്ന് വിക്കറ്റ് നേടി ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം. പാക്കിസ്ഥാന്റെ 262 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ പതിനാലാം ഓവറില്‍ കോളിന്‍ മണ്‍റോയെ(56) പുറത്താക്കി ഷദബ് ഖാന്‍ ന്യൂസിലാണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. തൊട്ടടുത്ത തന്റെ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെയും(31) ഷദബ് ഖാന്‍ എറിഞ്ഞിട്ടു. റുമ്മാന്‍ റയീസ് റോസ് ടെയിലറെ പുറത്താക്കുകയും ടോം ലാഥമിനെ ഷദബ് ഖാനും വീഴ്ത്തിയതോടെ 88/0 എന്ന നിലയില്‍ നിന്ന് 99/4 എന്ന സ്ഥിതിയിലേക്ക് ന്യൂസിലാണ്ട് വീണു.

പിന്നീട് കണ്ടത് ചെറുത്ത് നില്പിന്റെ പോരാട്ടമായിരുന്നു. ഹെന്‍റി നിക്കോളസും കെയിന്‍ വില്യംസണും മെല്ലയെങ്കിലും ന്യൂസിലാണ്ടിനെ സുരക്ഷിത തീരത്തേക്ക് എത്തിച്ചു. 55 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം നേടിയത്. പാക് ബൗളര്‍മാര്‍ പിടിമുറുക്കുന്ന അവസരത്തില്‍ ആ കൂട്ടുകെട്ടിന്റെ ആവശ്യകത ഏറെയായിരുന്നു. കെയിന്‍ വില്യംസണെ(32) പുറത്താക്കി ഹാരിസ് സൊഹൈല്‍ പാക്കിസ്ഥാനു അഞ്ചാം വിക്കറ്റ് സമ്മാനിക്കുമ്പോള്‍ ന്യൂസിലാണ്ടിന്റെ സ്കോര്‍ 154 റണ്‍സായിരുന്നു.

നായകനു പകരം ക്രീസിലെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം എന്നാല്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച കോളിന്‍ ഗ്രാന്‍ഡോം വെറും 40 പന്തില്‍ 74 റണ്‍സ് അടിച്ച് കൂട്ടി ഗ്രാന്‍ഡോം 45.5 ഓവറില്‍ ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു. മറുവശത്ത് ഹെന്‍റി നിക്കോളസ് 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗ്രാന്‍ഡോം തന്റെ ഇന്നിംഗ്സില്‍ 5 സിക്സും 7 ബൗണ്ടറിയുമാണ് നേടിയത്. 109 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial