കോളിന്‍ ഡി ഗ്രാന്‍ഡോം എട്ട് ആഴ്ചയോളം കളിക്കളത്തിന് പുറത്ത്

Colindegrandhomme

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം ആറ് മുതല്‍ എട്ട് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന. 2020-21 സീസണിന്റെ തുടക്കം മുതല്‍ താരത്തിനെ പരിക്ക് അലട്ടുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ന്യൂസിലാണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ താരം നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിനായി സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി മാത്രമാണ് കളിച്ചത്. ഇപ്പോള്‍ താരം ഈ പരിക്കില്‍ നിന്ന് മോചനം നേടുവാനായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് അറിയുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലാണ്ട് ഏകദിന പരമ്പരയ്ക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. താരത്തിന് നടത്തുന്ന ആ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ കണങ്കാലിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ മെഡിക്കല്‍ മാനേജര്‍ ഡെയില്‍ ഷാക്കല്‍ വ്യക്തമാക്കി.

ന്യൂസിലാണ്ടിന്റെ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് താരത്തിന്റെ ലഭ്യത ഇപ്പോള്‍ സംശയത്തിലാണ്. താരത്തിന്റെ സംഭാവനകള്‍ വളരെ നിര്‍ണ്ണായകമാണെന്നും ഈ സീസണില്‍ കളിക്കാനാകുന്നില്ലെങ്കില്‍ ന്യൂസിലാണ്ടിന് അത് വലിയ നഷ്ടമാണെന്നും ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് അഭിപ്രായപ്പെട്ടു.

Previous articleബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു, ഡെവണ്‍ കോണ്‍വേയ്ക്ക് അവസരം
Next articleഗുജറാത്തിനെ 184 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഉത്തര്‍ പ്രദേശ്