ബിസിസിഐയും വിവരാവകാശ നിയമത്തിനു കീഴില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐ വിവരാവകാശ നിയമത്തിനു കീഴിലുള്ളതാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഇന്നാണ് ഇത് സംബന്ധിച്ച തീരുമാനം കമ്മീഷന്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇനി ബിസിസിഐ ഉത്തരം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു.

സുപ്രീം കോടതി വിധികള്‍, ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ സബ്മിഷനുകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍ടിഐയ്ക്ക് കീഴില്‍ ബിസിസിഐയെ ഉള്‍പ്പെടുത്തുവാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. 15 ദിവസത്തിനുള്ളില്‍ ബിസിസിഐയോട് വേണ്ട നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുവാന്‍ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.

ബിസിസിഐ താരങ്ങളെ എന്തടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നതെന്ന ഗീത റാണി എന്ന ആര്‍ടിഐ അപേക്ഷകയുടെ ചോദ്യത്തിനു കായിക മന്ത്രാലയത്തില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ബിസിസിഐ ആര്‍ടിഐയ്ക്ക് കീഴില്‍ അല്ലെന്നത് വ്യക്തമാകുന്നത്. ബിസിസിഐ ഈ നിയമത്തിനു കീഴിലല്ലാത്തതിനാല്‍ കായിക മന്ത്രാലയത്തിനു വന്ന ചോദ്യം ബിസിസിഐയ്ക്ക് നല്‍കാനാകില്ലെന്നായിരുന്നു മന്ത്രാലയം ഗീതയ്ക്ക് നല്‍കിയ മറുപടി.

ഇതോടെ വിഷയം വിവരാവകാശ കമ്മീഷനു മുന്നിലെത്തുകയും വിധി വരികയുമായിരുന്നു. ബിസിസിഐ ഇന്നും കൂടുതല്‍ സമയം അനുവദിച്ചുവെങ്കിലും കമ്മീഷന്‍ അത് നിഷേധിച്ചു. കമ്മീഷനില്‍ നിന്നുള്ള നോട്ടീസുകള്‍ക്ക് ഹാജരാകാതിരിക്കുകയും കാരണം കാണിക്കാതിരിക്കുകയും ചെയ്ത ബിസിസിഐയ്ക്ക് ഇനിയും സമയം അനുവദിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ തീരുമാനം.