കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ സാന്നിദ്ധ്യം അവസാനിപ്പിച്ച് ക്രിസ് ലിന്‍ തിരികെ ഓസ്ട്രേലിയയിലേക്ക്. 2019 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി തന്റെ ഏകദിന ഫോം മെച്ചപ്പെടുത്തുന്നതിനായി ജെഎല്‍ടി ഏകദിന കപ്പില്‍ കളിക്കുവാനായി ക്യൂന്‍സ്‍ലാന്‍ഡ് ബുള്‍സിലേക്കാണ് ക്രിസ് ലിന്‍ എത്തുന്നത്. സെപ്റ്റംബര്‍ 16നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.
കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ താരം മോശം ഫോമിലാണ് ബാറ്റ് വീശിയിരുന്നത്. 6 മത്സരങ്ങളില്‍ നിന്ന് 74 റണ്‍സ് മാത്രമേ താരത്തിനു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടി നേടുവാന്‍ സാധിച്ചിരുന്നുള്ളു. 2019 ലോകകപ്പില്‍ താരത്തിനു സാധ്യതയുണ്ടാക്കിയെടുക്കുവാന്‍ ജെഎല്‍ടി ഏകദിന കപ്പിലെ പ്രകടനം നിര്‍ണ്ണായകമായിരിക്കും.
2013ലാണ് താരം അവസാനമായി പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റില്‍ കളിച്ചത്. 2014ല്‍ താരം ടീമിന്റെ നായകനായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും തോളിന്റെ പരിക്ക് മൂലം ഒരു മത്സരത്തിലും കളിക്കാനായില്ല.