വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ടീം രണ്ടാം ഇന്നിംഗ്സില്‍ 55/5 എന്ന നിലയില്‍ പരുങ്ങലിലാണ്. 78 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയതെങ്കിലും രണ്ടാം ഇന്നിംഗ്സിലെ പ്രകടനം ടീമിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മുഷ്ഫിക്കുര്‍ റഹിം(11*), മെഹ്ദി ഹസന്‍ എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. റോഷ്ടണ്‍ ചേസ്, ജോമല്‍ വാരിക്കന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദേവേന്ദ്ര ബിഷു ഒരു വിക്കറ്റും നേടുകയായിരുന്നു.
നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 324 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ദിവസം 315/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീമിനു 39 റണ്‍സ് നേടിയ തൈജുല്‍ ഇസ്ലാം പുറത്താകാതെ നിന്നപ്പോള്‍ നയീം ഹസന്‍(26), മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ ജോമല്‍ വാരിക്കന്‍ പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 88/5 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യര്‍(63), ഷെയിന്‍ ഡോവ്റിച്ച്(63*) കൂട്ടുകെട്ട് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. നയീം ഹസന്‍ 5 വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ 3 വിക്കറ്റും നേടി. ഹെറ്റ്മ്യര്‍ 47 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ 63 റണ്‍സ് നേടിയത്.