ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 16 ന് ലാഹോറിലെ ഹുസൂരി ബാഗിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു. ടൂർണമെന്റിന് മുമ്പുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടോ പത്രസമ്മേളനമോ ഇത്തവണ ഉണ്ടാകില്ല.

നിരവധി ടീമുകൾ പല പരമ്പരകളിൽ ആയതിനാൽ ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടും ഇന്ത്യയും വൈറ്റ്-ബോൾ പരമ്പരയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ രോഹിത് പാകിസ്താനിലേക്ക് ഉദ്ഘാടന ചടങ്ങിനായി പോകില്ല.
ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19നാണ് ആരംഭിക്കുന്നത്. പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായി മത്സരങ്ങൾ നടക്കും. സുരക്ഷാ കാരണങ്ങളാൽ, ഇന്ത്യ യോഗ്യത നേടിയാൽ ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദുബായിൽ ആകും കളിക്കുക.
ടൂർണമെന്റിന് മുമ്പുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, ഫെബ്രുവരി 7 ന് ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയം പിസിബി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ മുഖ്യാതിഥിയായി ക്ഷണിക്കും.