ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും ചാഹലും ഒരുമിച്ച് കളിക്കണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ കുൽദീപ് യാദവ് മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാൽ മത്സരത്തിൽ രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും 84 റൺസ് വഴങ്ങി ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് കുൽദീപ് യാദവ് ആയിരുന്നു.
ഫാസ്റ്റ് ബൗളർമാർക്കെതിരെ ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും എന്നാൽ സ്പിന്നർമാർക്കെതിരെ ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർ എന്നും മികച്ച പ്രകടനം പുറത്തെടുക്കാറില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. രണ്ട് സ്പിന്നർമാരെ കളിപ്പിക്കുകയാണെങ്കിൽ മധ്യ ഓവറുകളിൽ ഇന്ത്യക്ക് വിക്കറ്റ് ലഭിക്കുമെന്നും കേദാർ ജാദവിനെ ഒഴിവാക്കി ഒഴിവാക്കി ഒരു സ്പിന്നറെ കൂടി ഉൾപെടുത്താമെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ റോസ് ടെയ്ലറുടെ സെഞ്ചുറിയുടെ മികവിൽ 4 വിക്കറ്റിന് ന്യൂസിലാൻഡ് ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ നടക്കും.