ഗോള്‍ഡന്‍ വീലിനെ തകര്‍ത്തെറിഞ്ഞ് സീറോസ്, നാല് വിക്കറ്റുമായി ആസിഫ് അലി, അനൂപ് ഉണ്ണികൃഷ്ണന്‍ കളിയിലെ താരം

സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ഗോള്‍ഡന്‍ വീലിനെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. 22.2 ഓവറില്‍ 130 റണ്‍സിനു ഗോള്‍ഡന്‍ വീലിനെ പുറത്താക്കിയ ശേഷം സീറോസ് സിസി 25.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അനൂപ് ഉണ്ണികൃഷ്ണന്റെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ബൗളിംഗില്‍ ആസിഫ് അലിയും തിളങ്ങിയതാണ് സീറോസിന്റെ വിജയം എളുപ്പത്തിലാക്കിയത്. അനൂപ് ആണ് കളിയിലെ താരം.

35 റണ്‍സ് നേടിയ ഷൈനു ബാബുവും 34 റണ്‍സുമായി പ്രജിത് രാജുമാണ് ഗോള്‍ഡന്‍ വീല്‍ ബാറ്റിംഗില്‍ തിളങ്ങിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ഗോള്‍ഡന്‍ വീല്‍ ഇന്നിംഗ്സ് 130 റണ്‍സില്‍ അവസാനിച്ചു. സീറോസിനു വേണ്ടി ആസിഫ് അലി നാലും അനൂപ് ഉണ്ണികൃഷ്ണന്‍, അജ്മല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സീറോസിനും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 21 റണ്‍സ് നേടുന്നതിനിടെ നാല് താരങ്ങളെയാണ് ടീമിനു നഷ്ടമായത്. പിന്നീട് അനൂപ് ഉണ്ണികൃഷ്ണനും(63) സ്മിത്ത് ജെയിസും(18) ചേര്‍ന്ന് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 22 റണ്‍സുമായി പുറത്താകാതെ ദില്‍ഫറും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനും പുറത്തെടുത്തു.

ഗോള്‍ഡന്‍ വീലിനു വേണ്ടി ശങ്കര്‍ മൂന്നും വിമല്‍ വിജയന്‍, മോബിന്‍ മോഹന്‍, ആശിഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.