റഷീം ബഷീറിന്റെ മികവില്‍ ശ്രീതാരാമയ്ക്ക് ജയം, പരാജയപ്പെടുത്തിയത് ടെന്‍വിക് ക്രിക്കറ്റ് അക്കാഡമിയെ

- Advertisement -

ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന 24ാമത് അഖില കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ശ്രീതാരാമ സിസിയ്ക്ക് വിജയം. ടെന്‍വിക് ക്രിക്കറ്റ് അക്കാഡമിയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് ശ്രീതാരാമ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടെന്‍വിക് 177/8 എന്ന സ്കോര്‍ 30 ഓവറില്‍ നിന്ന് നേടിയപ്പോള്‍ ശ്രീതാരാമ 26.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി വിജയം രേഖപ്പെടുത്തി.

42 റണ്‍സ് നേടിയ റഷീം ബഷീറിന്റെയും 30 റണ്‍സ് നേടിയ രഞ്ജിത്തിനുമൊപ്പം 22 റണ്‍സ് നേടി പുറത്താകാതെ നിന്ന സയനനും സജീബും(22) ആണ് ശ്രീതാരാമയെ വിജയത്തിലേക്ക് നയിച്ചത്. ടെന്‍വികിനു വേണ്ടി രാഹുല്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടെന്‍വിക് അജീഷ് നേടിയ 89 റണ്‍സിന്റെ ബലത്തിലാണ് 177 റണ്‍സിലേക്ക് കുതിച്ചത്. 62 പന്തില്‍ നിന്ന് 14 ഫോറുകളുള്‍പ്പെടെ അജീഷ് 89 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. ശ്രീതാരാമയ്ക്ക് വേണ്ടി സൈദു കമാല്‍ മൂന്നും സന്ദീപ് രണ്ടും വിക്കറ്റ് നേടി.

Advertisement