വിഷ്ണു മോഹനും അലനും തിളങ്ങി, മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ

- Advertisement -

രഞ്ജി സിസിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ. വിഷ്ണു മോഹന്‍ നേടിയ 97 റണ്‍സിന്റെ ബലത്തിലാണ് ഇന്ന് സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാര്‍ മികച്ച നിലയില്‍ റണ്ണുകള്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആനന്ദ് ബാബുവിനെ വേഗത്തില്‍ നഷ്ടമായെങ്കിലും വിഷ്ണു മോഹന്‍ അജിത്ത്(17), അനുജ്(23) എന്നിവരോടും നാലാം വിക്കറ്റില്‍ കൂട്ടായി എത്തിയ അലന്‍ സാജുവിനോടും ചേര്‍ന്ന് ഗ്ലോബ്സ്റ്റാറിനെ മികച്ച നിലയിലേക്ക് നയിച്ചു.

ഇരുവരും ചേര്‍ന്ന് 118 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ഓവറുകള്‍ അവസാനിക്കുമ്പോള്‍ വിഷ്ണു മോഹന്‍ 97 റണ്‍സിലും അലന്‍ സാജു 49 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ശതകവും അര്‍ദ്ധ ശതകവും നേടാനായില്ലെങ്കിലും ടീമിനെ മികച്ച നിലയില്‍ എത്തിക്കുവാനായി എന്നതില്‍ ഇരുവരും അഭിമാനിക്കാം. 75 പന്തുകള്‍ നേരിട്ടാണ് വിഷ്ണു തന്റെ 97 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും 5 സിക്സുമാണ് ഗ്ലോബ്സ്റ്റാര്‍ ഓപ്പണര്‍ ഇന്ന് നേടിയത്.  27 ഓവര്‍ അവസാനിക്കുമ്പോള്‍ 198/3 എന്ന നിലയിലാണ് ഗ്ലോബ്സ്റ്റാര്‍ ആലുവ. 199 റണ്‍സ് ആണ് രഞ്ജി സിസിയുടെ വിജയലക്ഷ്യം.

രഞ്ജി സിസിയ്ക്കായി രാഹുല്‍, പ്രസുണ്‍, എബി ബിജു എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement