2 വിക്കറ്റ് ജയവുമായി തൃപ്പൂണിത്തുറ സിസി, ഏജീസിനെതിരെ ഫൈനലിന് യോഗ്യത

Sports Correspondent

ആത്രേയ സിസിയ്ക്കെതിരെ നേടിയ 2 വിക്കറ്റ് വിജയത്തോടെ സെലെസ്റ്റിയൽ ട്രോഫിയുടെ ഫൈനലില്‍ കടന്ന തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 206/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 29.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയാണ് തൃപ്പൂണിത്തുറ സിസിയുടെ വിജയം.

78 റൺസ് നേടിയ ആദിദേവും 65 റൺസ് നേടിയ അനസും ആണ് ആത്രേയയുടെ നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ ആദിദേവ് പുറത്തായപ്പോള്‍ 115/6 എന്ന സ്കോറായിരുന്നു ആത്രേയയുടേത്. പിന്നീട് അനസ് 38 പന്തിൽ 65 റൺസ് നേടിയാണ് ആത്രേയയെ 200 കടത്തിയത്. ഒരു പന്ത് അവശേഷിക്കയൊണ് അനസ് പുറത്തായത്. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി സിഎസ് സൂരജ് നാലും ശ്രീഹരി, ആകാശ് ബാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Abdulbasith

തൃപ്പൂണിത്തുറയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ അബ്ദുള്‍ ബാസിത്(36 പന്തിൽ 67 റൺസും) സഞ്ജീവ് സതീശന്‍(52 പന്തിൽ 65 റൺസും) ചേര്‍ന്ന് 136 റൺസ് നേടി മികച്ച തുടക്കം നേടിയെങ്കിലും പിന്നീട് ഇരുവരെയും ടീമിന് നഷ്ടമായി. ജോസ് പേരയിൽ(19)നെയും ശ്രീഹരിയെയും നഷ്ടമായപ്പോള്‍ 186/8 എന്ന നിലയിലേക്ക് തൃപ്പൂണിത്തുറ സിസി വീണു.

എന്നാൽ മുഹമ്മദ് ആഷിഖിന് മികച്ച പിന്തുണയുമായി സൂരജ് സിഎസ് ക്രീസിൽ നിലയുറപ്പിച്ചപ്പോള്‍ 28 റൺസാണ് ഈ കൂട്ടുകെട്ട് 9ാം വിക്കറ്റിൽ നേടിയത്. ആഷിഖ് 26 റൺസും സൂരജ് 9 റൺസും നേടുകയായിരുന്നു. ആത്രേയയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി നിപുന്‍ ബാബു തിളങ്ങി.