സാൽമൺ സെബാസ്റ്റ്യന്റെ ശതകം വിഫലം, അഞ്ച് റൺസിന്റെ ത്രസിപ്പിക്കും വിജയം, ആലപ്പി സിസിയെ മറികടന്ന് തൃപ്പൂണിത്തുറ സിസി

Sports Correspondent

Updated on:

Tripunithuracc
Download the Fanport app now!
Appstore Badge
Google Play Badge 1

സെലസ്റ്റിയൽ ട്രോഫിയിൽ ആവേശകരമായ മത്സരത്തിൽ തൃപ്പൂണിത്തുറ സിസിയ്ക്ക് വിജയം. ഇന്ന് സെയിന്റ് സേവിയേഴ്സ് തുമ്പയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി 191 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ആലപ്പി സിസിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമേ നേടാനായുള്ളു.

മൂന്നോവറിൽ 38 റൺസ് ജയത്തിനായി വേണ്ടിയിരുന്ന ആലപ്പി സിസിയ്ക്കായി സാൽമൺ സെബാസ്റ്റ്യന്‍ 28ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റൺസ് നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറിൽ 20 റൺസായി മാറി. സൂരജ് സിഎസ് എറിഞ്ഞ 29ാം ഓവറിൽ സൽമാന്‍ സെബാറ്റ്യന്റെ വിക്കറ്റ് നഷ്ടമായത് ആലപ്പി സിസിയ്ക്ക് വലിയ തിരിച്ചടിയായി.

സാൽമൺ 95 പന്തിൽ നിന്ന് 107 റൺസാണ് നേടിയത്. ഓവറിലെ അവസാന പന്തിൽ നന്ദുലാൽ ബൗണ്ടറി നേടിയപ്പോള്‍ അവസാന ഓവറിൽ 12 റൺസായിരുന്നു ആലപ്പി സിസി നേടേണ്ടിയിരുന്നത്. ജോസ് പേരയിൽ മികച്ച ബൗളിംഗ് അവസാന ഓവറിൽ പുറത്തെടുത്തപ്പോള്‍ വെറും 6 റൺസാണ് ഓവറിൽ നിന്ന് ആലപ്പി സിസി നേടിയത്.

സാൽമൺ പുറമെ സജീഷ് എസ്‍വി 40 റൺസും നന്ദുലാൽ പുറത്താകാതെ 20 റൺസുമായി നിന്നു. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി ബോവാസ് എം ജസ്റ്റിന്‍ രണ്ട് വിക്റ്റ് നേടിയപ്പോള്‍ സൂരജ് സിഎസും ജോസ് പേരയിലു ഓരോ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി.

Govinddpai

നേരത്തെ ഗോവിന്ദ് ഡി പൈ നേടിയ 78 റൺസിന്റെ ബലത്തിലാണ് 191 റൺസിലേക്ക് തൃപ്പൂണിത്തുറ സിസി എത്തിയത്. സുബിന്‍ 29 റൺസും വിഗ്നേഷ് 22 റൺസും നേടി. ആലപ്പിയ്ക്കായി അമൽ ബിനു നാലും പ്രസൂൺ പ്രസാദ്, കൃഷ്ണനുണ്ണി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.