സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ട ലൂസേഴ്സ് ഫൈനലില്‍ സ്വാന്റണ്‍സിന് ജയം. മത്സരത്തിന്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നപ്പോള്‍ അവസാന ഓവറില്‍ അത്രേയ ഉല്‍ഭവിന് ജയിക്കുവാന്‍ 9 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്നത്. ഹരികൃഷ്ണന്‍ എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ ആദിത്യ കൃഷ്ണയെ അത്രേയയ്ക്ക് നഷ്ടമായി. 55 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് സ്വാന്റണ്‍സിന് മത്സരത്തിലേക്ക് തിരിച്ചുവരവിലേക്കുള്ള ആദ്യ പടിയായിരുന്നു. പിന്നീട് ലക്ഷ്യം 4 പന്തില്‍ 6 റണ്‍സെന്ന നിലയിലേക്കും അവസാന രണ്ട് പന്തില്‍ നാല് റണ്‍സെന്ന നിലയിലേക്കും മാറിയെങ്കിലും അവസാന രണ്ട് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സ്വാന്റണ്‍സ് മത്സരം മൂന്ന് റണ്‍സിന് സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സിന് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായിരുന്നുള്ളു. 24 റണ്‍സ് നേടിയ ഫര്‍ദീന്‍ റഫീക്കും 9 പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ ഷാഹിന്‍ഷായും കെഎസ് അരവിന്ദ്(19), ഹരികൃഷ്ണന്‍(10*) എന്നിവരാണ് സ്വാന്റണ്‍സിനെ 126 റണ്‍സിലേക്ക് എത്തിച്ചത്. ഇതില്‍ തന്നെ പത്താം വിക്കറ്റില്‍ 29 റണ്‍സ് നേടിയ ഷാഹിന്‍ഷാ-ഹരികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അത്രേയ ഉല്‍ഭവിനായി മോഹിത് ഷിബു, ആദിത്യ കൃഷ്ണന്‍, ജോഫിന്‍ ജോസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ഒരു ഘട്ടത്തില്‍ അത്രേയ വിജയത്തിലേക്ക് എളുപ്പത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സ്വാന്റണ്‍സ് പിന്നീട് വിക്കറ്റുകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദിത്യ കൃഷ്ണനും സിദ്ധാര്‍ത്ഥ ശങ്കറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം തുടരെ വിക്കറ്റുകള്‍ അത്രേയയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്. നാല് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതും ടീമിന് തിരിച്ചടിയായി. ആദിത്യ കഴിഞ്ഞാല്‍ ടീമില്‍ പൊരുതി നോക്കിയത് 24 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ ആയിരുന്നു. ജോഫിന്‍ ജോസ് 17 റണ്‍സ് നേടി. സ്വാന്റണ്‍സിന് വേണ്ടി ഹരികൃഷ്ണന്‍ മൂന്ന് വിക്കറ്റ് നേടി.
അവസാന ഓവറില്‍ ആദിത്യ കൃഷ്ണന്‍ ക്രീസിലുള്ളപ്പോള്‍ അത്രേയ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും 123 റണ്‍സിന് ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ആദിത്യയുടെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് മത്സരത്തില്‍ നേടുകയും അവസാന ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഹരികൃഷ്ണനാണ് കളിയിലെ താരം.