വീണ്ടും താരമായി രാകേഷ്, മുത്തൂറ്റ് ഇസിസിയെ തകര്‍ത്ത് എസ്ബിഐ

കെജെ രാകേഷ് വീണ്ടും കളിയിലെ താരമായി എസ്ബിഐയ്ക്ക് വേണ്ടി മിന്നും ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മുത്തൂറ്റ് ഇസിസിയെ 69 റണ്‍സിന് പരാജയപ്പെടുത്തി എസ്ബിഐ എ ടീം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ 7 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന്155 റണ്‍സാണ് നേടിയത്. 43 റണ്‍സ് നേടിയ ആദിത്യ മോഹനും 39 റണ്‍സ് നേടിയ റൈഫിയും ആണ് എസ്ബിഐ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ആനന്ദ് ജോസഫ് മൂന്നും അരുണ്‍ രണ്ടും വിക്കറ്റ് നേടി.

21.4 ഓവറില്‍ 86 റണ്‍സിന് ഓള്‍ഔട്ട് ആയ മുത്തൂറ്റ് ഇസിസിയുടെ നടുവൊടിച്ചത് രാകേഷിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ്. 4.4 ഓവറില്‍ 11 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയാണ് രാകേഷ് തന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്തത്. ഇസിസിയ്ക്കായി 26 റണ്‍സ് നേടിയ അമല്‍ പി രാജീവ് ആണ് ടോപ് സ്കോറര്‍.