ചാമ്പ്യന്മാരെ വീഴ്ത്തി സ്വാന്റണ്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷമായി സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ വീഴ്ത്തി സ്വാന്റണ്‍സ്. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തില്‍ സ്വാന്റണ്‍സ് ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ മാസ്റ്റേഴ്സ് 27 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 25.4 ഓവറില്‍ മറികടന്ന് ഏഴ് വിക്കറ്റ് ജയം സ്വാന്റണ്‍സ് സ്വന്തമാക്കുകയായിരുന്നു.

73 പന്തില്‍ 82 റണ്‍സ് നേടിയ കെഎ അജിത്തും 53 റണ്‍സ് നേടി അജിത്തിന് മികച്ച പിന്തുണ നല്‍കിയ അഖിം റാഫേലുമാണ് സ്വാന്റണ്‍സിന്റെ വിജയം ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 128 റണ്‍സാണ് സ്വാന്റണ്‍സിന് മികച്ച വിജയം ഒരുക്കിയത്. അഖിം ജയത്തിന് തൊട്ടരികെ പുറത്തായെങ്കിലും അജിത്ത് ജയം ഉറപ്പിക്കുകയായിരുന്നു. 9 ഫോറും രണ്ട് സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിന് വേണ്ടി പിഎം വിഷ്ണു 59 പന്തില്‍ നിന്ന് 68 റണ്‍സും അക്ഷയ് മനോഹര്‍ 30 റണ്‍സും നേടിയാണ് ടീമിനെ 156 റണ്‍സിലേക്ക് നയിച്ചത്. സ്വാന്റണ്‍സിന് വേണ്ടി അമീര്‍ സീഷന്‍, ഫര്‍ദീന്‍ റഫീക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.