42 റണ്‍സ് വിജയം കരസ്ഥമാക്കി പ്രതിഭ സിസി, പരാജയപ്പെടുത്തിയത് കിഡ്സിനെ

സെലസ്റ്റിയല്‍ ട്രോഫിയില്‍ കിഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി പ്രതിഭ സിസ. മുന്‍ കേരള താരം വിഎ ജഗദീഷ് അടങ്ങിയ പ്രതിഭയുടെ ബാറ്റിംഗ് നിര ആദ്യം ബാറ്റ് ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. രഞ്ജിത്ത് രവീന്ദ്രന്‍ 43 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ജഗദീഷ്(35), സച്ചിന്‍(35) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കിഡ്സിനു വേണ്ടി ബിജു നാരായണന്‍ മൂന്നും ശ്രീജിത്ത് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിഡ്സിനു 27 ഓവറില്‍ 155 റണ്‍സേ നേടാനായുള്ളു. അഞ്ച് വിക്കറ്റാണ് ടീമിനു നഷ്ടമായത്. 47 റണ്‍സ് നേടി ഫര്‍സാന്‍ ആണ് കിഡ്സിന്റെ ടോപ് സ്കോറര്‍. നന്ദ കുമാര്‍ 28 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. രഞ്ജിത്ത് രവീന്ദ്രന്‍ ബാറ്റിംഗിലെ പോലെ ബൗളിംഗിലും 3 വിക്കറ്റുമായി തിളങ്ങി. 42 റണ്‍സിന്റെ വിജയമാണ് പ്രതിഭ സിസി സ്വന്തമാക്കിയത്.