190 റണ്‍സ് നേടിയ ബ്ലുജെറ്റ്സ് സിസിയ്ക്കതെിരെ യൈസിസി ഹരിപ്പാട് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് 3 റണ്‍സിന്റെ ജയം നേടി ബ്ലൂജെറ്റ്സ്. ഇന്നലെ നടന്ന സെലസ്റ്റിയല്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലാണ് ആവേശകരമായ വിജയം ബ്ലൂജെറ്റ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബ്ലൂജെറ്റ്സ് 27 ഓവറില്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വൈസിസിയ്ക്ക് 27 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മാത്രമേ നേടുവാനായുള്ളു. അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ് വേണ്ടിയിരുന്നുവെങ്കിലും വൈസിസിയ്ക്ക് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ വിജയത്തിനു നാല് റണ്‍സ് വേണ്ടപ്പോള്‍ വൈസിസി ബാറ്റ്സ്മാനു സ്കോര്‍ ചെയ്യാനാകാതെ പോയതോടെ മത്സരം ബ്ലൂജെറ്റ്സ് 3 റണ്‍സിനു സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബ്ലുജെറ്റ്സിനു വേണ്ടി ഹരികൃഷ്ണന് 40 റണ്‍സും അനു ചന്ദ്രന് 37 റണ്‍സും നേടി മികവ് പുലര്‍ത്തി. മറ്റു താരങ്ങളില്‍ നിന്നും ചെറുതെങ്കിലും നിര്‍ണ്ണായകമായ രണ്ടക്ക സ്കോറുകളോടു കൂടി ബ്ലുജെറ്റ്സ് 190 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു. വൈസിസി ഹരിപ്പാടിനു വേണ്ടി ആദര്‍ശ്, രാഹുല്‍ രാജ്, രഞ്ജിത്ത് എന്നിവരാണ് 2 വീതം വിക്കറ്റുമായി തിളങ്ങിയത്.
77 റണ്‍സ് നേടി ഓപ്പണര്‍ അഭിലാഷ് മോഹനും 53 പന്തില്‍ നിന്ന് 67 റണ്‍സ് നേടി പുറത്താകാതെ നിന്ന അരുണും തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ ആര്‍ക്കും രണ്ടക്കം കടക്കാനാകാതെ പോയതാണ് വൈസിസി ഹരിപ്പാടിന്റെ സാധ്യതകളെ മങ്ങലേല്പിച്ചത്. ബ്ലൂജെറ്റ്സിനു വേണ്ടി അനു ചന്ദ്രന് നാലും വിനീത് മൂന്നും വിക്കറ്റ് നേടി.