ക്യാപ്റ്റന്‍സി തന്റെ കരിയറിലെ പുതിയ വഴിത്തിരിവ്

- Advertisement -

ക്യാപ്റ്റന്‍സി തന്റെ കരിയറിലെ പുതിയ വഴിത്തിരിവാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പുതിയ നായകന്‍ ക്വിന്റണ്‍ ഡി കോക്ക്. ഇതിന് മുമ്പ് ടീമിനെ രണ്ട് തവണ താരം നയിച്ചപ്പോളും തോല്‍വിയായിരുന്നു ഫലം. അന്ന് സ്ഥിരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ പരിക്കാണ് താരത്തിന് അവസരം നല്‍കിയതെങ്കില്‍ ഇപ്പോള്‍ സ്ഥിരം ക്യാപ്റ്റനായി ദക്ഷിണാഫ്രിക്ക ഡി കോക്കിനെ നിയമിക്കുകയായിരുന്നു.

താരം ക്യാപ്റ്റന്‍സിക്ക് അനുയോജ്യനായ വ്യക്തിയാണെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണും ടീമിലെ സഹതാരം ഡേവിഡ് മില്ലറും പറയുന്നത്. തന്റെ കരിയറിലെ പുതിയ വഴിത്തിരിവാണ് ഈ ദൗത്യമെന്നാണ് മൊഹാലിയിലെ ടി20 മത്സരത്തിന് മുന്നോടിയായി താരം പറഞ്ഞത്. പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഈ അധിക ചുമതലയെക്കുറിച്ച് താന്‍ അധികം ചിന്തിക്കുന്നില്ലെന്നും ഡി കോക്ക് പറഞ്ഞു. അത് തനിക്ക് അധിക ചുമതല നല്‍കുന്നുവെന്നത് ശരി തന്നെ, പക്ഷേ തന്നെ എത്തരത്തില്‍ ബാധിക്കുമെന്ന് തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും ഡി കോക്ക് പറഞ്ഞു. പോസിറ്റീവായാണോ നെഗറ്റീവായാണോ തന്നെ ഇത് ബാധിക്കുന്നത് വഴിയെ മാത്രമേ അറിയുള്ളുവെന്നും താരം വ്യക്തമാക്കി.

Advertisement