ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 230 റണ്‍സിനു പുറത്ത്. മത്സരത്തില്‍ 326 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ട് ദിവസത്തിലധികം മത്സരം ശേഷിക്കെ ശ്രീലങ്ക 327 എന്ന ശ്രമകരമായ ലക്ഷ്യമാണ് വിജയത്തിനായി നേടേണ്ടത്. ടോപ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം ബെന്‍ സ്റ്റോക്സ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്.
ജോസ് ബട്‍ലര്‍ 64 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 42 റണ്‍സ് നേടി. 39/4 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ 128/5 എന്ന നിലയിലേക്ക് എത്തിച്ച കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ 89 റണ്‍സാണ് നേടിയത്. ബെന്‍ ഫോക്സ്(36*), ആദില്‍ റഷീദ്(24), മോയിന്‍ അലി(22) എന്നിവരും നിര്‍ണ്ണായകമായ സംഭാവനകള്‍ ഇംഗ്ലണ്ടിനായി നടത്തി. സ്റ്റോക്സ് രണ്ട് തവണ നോ ബോളിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ടതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.
ദില്‍രുവന്‍ പെരേര അഞ്ച് വിക്കറ്റും മലിന്‍ഡ പുഷ്പകുമാര മൂന്ന് വിക്കറ്റും നേടിയാണ് ശ്രീലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ലക്ഷന്‍ സണ്ടകന് രണ്ട് വിക്കറ്റ് ലഭിച്ചു.