ബുംറ ന്യൂസിലാണ്ടിലേക്ക്!!! ശസ്ത്രക്രിയയ്ക്ക് വിധേയനാകും

Sports Correspondent

Rohitsharmajaspritbumrah

തന്നെ ഏറെ നാളായി അലട്ടുന്ന പരിക്കിന്റെ ശസ്ത്രക്രിയയ്ക്കായി ജസ്പ്രീത് ബുംറ ന്യൂസിലാണ്ടിലേക്ക് യാത്രയാകുമെന്ന് സൂചന. താരം ഐപിഎലിലും ലോകകപ്പിലും കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുന്ന സാഹചര്യത്തിൽ ന്യൂസിലാണ്ടിലെ ഒരു സര്‍ജനെ കാണുവാന്‍ ബിസിസിഐയും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മാനേജര്‍മാരും ശ്രമിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിനൊപ്പം മുമ്പ് സഹകരിച്ച വ്യക്തിയാണ് ഈ ന്യൂസിലാണ്ട് സര്‍ജന്‍. താരത്തിനെ അതിനാൽ തന്നെ ഉടനടി ഓക്ലാന്‍ഡിലേക്ക് എത്തിക്കുവാന്‍ ബിസിസിഐ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നാണ് അറിയുന്നത്.

താരം സെപ്റ്റംബര്‍ വരെ കളത്തിന് പുറത്തായിരിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎലും ഇന്ത്യ യോഗ്യത നേടുന്നുവെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും.

ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യ കപ്പും നഷ്ടമാകുന്ന താരത്തെ ഒക്ടോബര്‍-നവംബറിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് തയ്യാറാക്കുക എന്നതാണ് ഇപ്പോള്‍ ബിസസിഐ ലക്ഷ്യം വയ്ക്കുന്നത്.