ലോക ക്രിക്കറ്റിൽ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും സമ്പൂർണമായ ബൗളിങ്ങിന് ഉടമയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വെസ്റ്റിൻഡീസ് ബാറ്റിംഗ് നിര ബുംറയുടെ ബൗളിങ്ങിന് മുൻപിൽ തകർന്നിരുന്നു. ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് അടക്കം 6 വിക്കറ്റും രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നേടിയ ഹാട്രിക് അടക്കം 7 വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു.
ബുംറ ബൗൾ ചെയ്യുമ്പോൾ വളരെയേറെ നിയന്ത്രണത്തോടെയാണ് ബൗൾ ചെയ്യുന്നതെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ടീമിന് വേണ്ടി എത്രത്തോളം പിന്തുണ നൽകാൻ പറ്റുമെന്ന് ബുംറക്ക് നല്ല ബോധ്യമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ടി20 സ്പെഷലിസ്റ്റായി ആൾക്കാർ മുദ്ര കുത്തിയ താരം ടെസ്റ്റ് ക്രിക്കറ്റും ഭരിക്കാൻ തുടങ്ങിയെന്നും കോഹ്‌ലി പറഞ്ഞു.
പരമ്പരയിൽ 13 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായും ബുംറയായിരുന്നു. 9.23 ആവറേജിലാണ് ബുംറ ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. കൂടാതെ ഹർഭജൻ സിങ്ങിനും ഇർഫാൻ പത്താനും ശേഷം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമായും ബുംറ മാറിയിരുന്നു.