ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്ഗ്. രവിചന്ദ്രന്‍ അശ്വിന്‍ മികച്ച ഫോമിലാണെന്നും കഴിഞ്ഞ ആറ് ടെസ്റ്റില്‍ നിന്ന് 37 വിക്കറ്റ് നേടിയ താരത്തിനെ വീണ്ടും ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹോഗ്ഗിന്റെ അഭിപ്രായം.
2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആണ് ഇന്ത്യ അശ്വിന് അവസാനമായി അവസരം നല്‍കിയത്. പിന്നീട് യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപിനും അവസരം നല്‍കിയപ്പോള്‍ ഇരുവരും ആ അവസരം കൈക്കലാക്കുകയായിരുന്നു. അന്ന് വിശ്രമം നല്‍കിയ രവീന്ദ്ര ജഡേജ പിന്നീട് കുല്‍ദീപിന്റെ സ്ഥാനത്ത് ടീമിലേക്ക് തിരികെ വന്നുവെങ്കിലും അശ്വിന് ഏകദിന ടീമില്‍ അവസരം ലഭിച്ചില്ല.
അശ്വിന്റെ ബാറ്റിംഗ് കൂടി പരിഗണിക്കുമ്പോള്‍ താരത്തിനെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള അതിശക്തമായ കാരണം ഇന്ത്യയുടെ പക്കലുണ്ടെന്നും താരം കൂടി വന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന് ആഴം കൂടുമെന്നും ഹോഗ് പറഞ്ഞു. കുല്‍ദീപിനോ ചഹാലിനോ ബാറ്റിംഗില്‍ നല്‍കാവുന്ന സംഭാവനകള്‍ക്ക് പരിമിതിയുണ്ടെങ്കിലും അശ്വിന്‍ ടെസ്റ്റ് പരമ്പരയില്‍ ശതകം നേടി തന്റെ മാറ്റ് തെളിയിച്ചതാണെന്നും ഹോഗ് വ്യക്തമാക്കി.