മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബ്രെണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ പരിശീലകനായിരുന്ന ക്രിസ് സിൽവർവുഡിനെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയിരുന്നു. തുടർന്നാണ് ടെസ്റ്റിന് മാത്രമായി ബ്രെണ്ടൻ മക്കല്ലത്തെ പരിശീലകനായിനിയമിക്കാൻ ഇംഗ്ലണ്ട് ആലോചിക്കുന്നത്. നേരത്തെ ക്യാപ്റ്റനായിരുന്ന ജോ റൂട്ട് രാജിവെച്ചതിനെ തുടർന്ന് ബെൻ സ്റ്റോക്സിനെ ക്യാപ്റ്റനായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകൻ കൂടിയാണ് മക്കല്ലം. കൂടാതെ ഏകദിന ടീമിന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായിരുന്ന ഗാരി കിർസ്റ്റണും രംഗത്തുണ്ട്. 2011ൽ ഗാരി കിർസ്റ്റൺ പരിശീലകനായി ഇരിക്കുന്ന സമയത്താണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. അവസാനം കളിച്ച 17 ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ചതോടെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.