ചരിത്രം കുറിയ്ക്കുവാനൊരുങ്ങി ബോയഡ് റാങ്കിന്‍

നവാബ് ഓഫ് പട്ടൗഡിയ്ക്ക് ശേഷം ഇംഗ്ലണ്ടിന് വേണ്ടിയും ഇംഗ്ലണ്ടിന് എതിരെയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന ചരിത്ര നേട്ടത്തിനരികെയാണ് അയര്‍ലണ്ടിന്റെ ബോയഡ് റാങ്കിന്‍. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അയര്‍ലണ്ടിന്റെ ഏക ടെസ്റ്റില്‍ സ്ഥാനം നേടിയാല്‍ ബോയഡ് റാങ്കിന്‍ 1946ല്‍ നവാബ് ഓഫ് പട്ടൗഡി സ്വന്തമാക്കിയ ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം മാത്രമായി അറിയപ്പെടും.

2013/14 കാലയളവില്‍ ഇംഗ്ലണ്ടിന് വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ ഏക ടെസ്റ്റാണ് റാങ്കിന്‍ കളിച്ചത്. അതിന് ശേഷം താരം പിന്നീടൊരു ടെസ്റ്റും ഇംഗ്ലണ്ടിന് കളിച്ചിട്ടില്ല. സിഡ്നിയില്‍ അന്ന് ഏക വിക്കറ്റാണ് അയര്‍ലണ്ടിന്റെ ഇപ്പോളത്തെ താരം ഇംഗ്ലണ്ടിന് വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. പീറ്റര്‍ സിഡിലിന്റെ വിക്കറ്റായിരുന്നു അത്. ഇംഗ്ലണ്ടിനായി പിന്നീട് ഏതാനും ഏകദിനങ്ങള്‍ കൂടി കളിച്ച ശേഷം താന്‍ 2007ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അയര്‍ലണ്ടിലേക്ക് താരം മടങ്ങുകയായിരുന്നു.

അന്ന് അയര്‍ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാനുള്ള അവസരം ഇല്ലായിരുന്നുവെന്നും അതാണ് മുന്‍പ് പലരും പിന്തുടര്‍ന്ന പാതയിലേക്ക് താനും പോയതെന്ന് റാങ്കിന്‍ പറഞ്ഞു. ഇന്ന് കാര്യങ്ങള്‍ മാറി. തനിക്ക് ഇംഗ്ലണ്ട് ടീമിലെ താരങ്ങളെയെല്ലാം നല്ല രീതിയില്‍ അറിയാമെന്നും വല്ലാതൊരു അനുഭവമാണ് തനിക്ക് ലോര്‍ഡ്സില്‍ ഈ ടെസ്റ്റിനായി ഇറങ്ങുമ്പോള്‍ തോന്നുന്നതെന്നും ബോയഡ് റാങ്കിന്‍ പറഞ്ഞു.