സംശയാസ്പദമായ ബൗളിങ്ങിന്റെ പേരിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയും സംശയത്തിന്റെ നിഴലിൽ. ഗോളിൽ നടന്ന ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. ടെസ്റ്റിൽ 6 വിക്കറ്റിന് ജയിച്ച് ശ്രീലങ്ക പരമ്പരയിൽ മുൻപിൽ എത്തിയിരുന്നു.
ഇവരുടെ ബൗളിംഗ് സംശയം പ്രകടിപ്പിച്ച് മാച്ച് റഫറി ഐ.സി.സിക്ക് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. രണ്ടു ടീമുകളുടെ മാനേജ്മെന്റിനും ഈ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രണ്ടു പേരും ഓഫ് സ്പിൻ ബൗളർമാർ ആണ്. 14 ദിവസത്തിനിടെ ഇരു താരങ്ങളും ഐ.സി.സിക്ക് മുൻപിൽ ടെസ്റ്റിന് ഹാജരാവണം. ഈ കാലയളവിൽ അവർക്ക് മത്സരങ്ങളിൽ ബൗൾ ചെയ്യാൻ സാധിക്കും.
ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ വെറും 3 ഓവർ മാത്രമാണ് മത്സരത്തിൽ എറിഞ്ഞത്. നേരത്തെ 2014ലിലും സംശയാസ്പദമായ ബൗളിങ്ങിന്റെ പേരിൽ വില്യംസണിന്റെ ബൗളിംഗ് ഐ.സി.സി പരിശോധിച്ചിരുന്നു. ടെസ്റ്റിൽ73 മത്സരങ്ങളിൽ നിന്ന് വില്യംസണ് 29 വിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയാവട്ടെ മത്സരത്തിൽ 6 വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 6 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ധനഞ്ജയ 33 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ധനഞ്ജയ തന്റെ ആദ്യ ടെസ്റ്റിൽ തന്നെ സംശയാസ്പദമായ ബൗളിങ്ങിന്റെ പേരിൽ ഐ.സി.സി വിലക്കിയിരുന്നു.