ഹാമിള്‍ട്ടണിലെ ഇന്നിംഗ്സ് വിജയത്തിനു ശേഷം വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റിനെത്തുന്ന ന്യൂസിലാണ്ടിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ വെല്ലിംഗ്ടണില്‍ റണ്ണൊഴുകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നാണ്. ബേസിന്‍ റിസര്‍വ്വില്‍ കളിച്ച എല്ലാ ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ന്യൂസിലാണ്ടിനായിട്ടുണ്ടെന്നത് സൂചിപ്പച്ച ബോള്‍ട്ട് ടീം കഴിഞ്ഞ 7 ടെസ്റ്റില്‍ അഞ്ചിലും 500നു മുകളില്‍ റണ്‍സ് നേടിയിട്ടുണ്ടെന്നും കണക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു.
എന്നാല്‍ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ബോള്‍ട്ട് പങ്കുവെച്ചത്. ശ്രീലങ്കയ്ക്കെതിരെ അവരെ 20/3 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം ടെസ്റ്റിന്റെ നാലാം ദിവസം ലങ്കയ്ക്ക് ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ ഇതേ വേദിയില്‍ സാധിച്ചിരുന്നു. അന്ന് കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും ശതകങ്ങളുമായി ലങ്കയെ രക്ഷിയ്ക്കുകയായിരുന്നു.
അന്നത്തെ അതേ സാഹചര്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. എന്നാല്‍ അന്നത്തേത് പോലെ വിക്കറ്റ് ലഭിക്കാത്ത ഒരു ദിവസം ഉണ്ടാകരുതെന്നതാണ് തന്റെ പ്രതീക്ഷയെന്ന് ബോള്‍ട്ട് പറഞ്ഞു. ഇവിടെ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും പോസിറ്റീവ് മൈന്‍ഡ്സെറ്റുമായി മത്സരത്തെ സമീപിക്കുവാനാണ് ടീമിന്റെ തീരുമാനമെന്നും ബോള്‍ട്ട് പറഞ്ഞു.
ഒട്ടനവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ പിറന്ന പിച്ചാണ് ബേസിന്‍ റിസര്‍വ്വിലേത്, മത്സരം പുരോഗമിക്കും തോറും അത് ബാറ്റിംഗിനു കൂടുതല്‍ അനുകൂലമാകുകയാണ് പതിവെന്നും താരം അഭിപ്രായപ്പെട്ടു. നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകള്‍ ആണ് പിച്ചില്‍ നിന്ന് ഗുണം നേടുവാനുള്ള ന്യൂസിലാണ്ടിന്റെ കൈയ്യിലുള്ള ആയുധമെന്നും ബോള്‍ട്ട് പറഞ്ഞു. നീല്‍ വാഗ്നര്‍ നയിക്കുന്ന ഷോര്‍ട്ട് ബോള്‍ ബൗളിംഗ് നേരിടുവാന്‍ ബംഗ്ലാദേശിനോട് തയ്യാറായി ഇരിക്കുവാനും ബോള്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.