ടെസ്റ്റിൽ ന്യൂസിലാൻഡിനു വേണ്ടി ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായായി ബി.ജെ വാട്ലിങ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയതോടെയാണ് ചരിത്ര നേട്ടം താരത്തെ തേടിയെത്തിയത്. ന്യൂസിലൻഡിന് വേണ്ടി ആറാമനായി ഇറങ്ങിയ വാട്‍ലിങ് 205 റൺസ് എടുത്ത് ആർച്ചറിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.
24 ബൗണ്ടറികാലും ഒരു സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മുൻപ് ബംഗ്ളദേശിനെതിരെ 185 റൺസ് നേടിയ ബ്രെണ്ടൻ മക്കല്ലമായിരുന്നു ഇതുവരെ ന്യൂസിലാൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ. നിലവിൽ ടെസ്റ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ റെക്കോർഡ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിലാണ്. ഓസ്ട്രേലിയക്കെതിരെ 2013ൽ നേടിയ 224 റൺസാണ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
മത്സരത്തിൽ വാലറ്റത്ത് സാന്റ്നറെ കൂട്ടുപിടിച്ച് 261 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനും വാട്‍ലിങിനായിരുന്നു. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ന്യൂസിലാൻഡിനേക്കാൾ 207 റൺസിന് പിറകിലുള്ള ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്.