ഭാവിയില്‍ കമന്റേറ്ററായി അശ്വിന്‍ ശോഭിക്കുമെന്ന് ഹര്‍ഷ ഭോഗ്‍ലേ

ഭാവിയില്‍ കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇനി ക്രിക്കറ്റ് കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന താരമെന്നാണ് ഭോഗ്‍ലേയുടെ പ്രവചനം. 1991 താന്‍ ഇത്തരത്തില്‍ രവിശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും മികച്ച കമന്റേറ്റര്‍മാരായി മാറുമെന്ന് പ്രവചിച്ചിരുന്നുവെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.

അശ്വിനും സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ഇന്‍സ്റ്റാഗ്രാം ചര്‍ച്ചയില്‍ 1996ലെ ഇന്ത്യയുടെ ലോകകപ്പ് സെമി തോല്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അശ്വിന്‍ മഞ്ജരേക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണ്ട ഹര്‍ഷ ഭോഗ്‍ലേ ആണ് തന്റെ പ്രവചനം ട്വിറ്ററില്‍ പങ്കുവെച്ചത്.

താന്‍ പണ്ട് സഞ്ജയിനെയും രവി ശാസ്ത്രിയെയും കുറിച്ച് നടത്തിയ അതെ പ്രവചനം ഇപ്പോള്‍ അശ്വിനെ കുറിച്ചും പറയാനുള്ളതെന്ന് ഭോഗ്‍ലേ വ്യക്തമാക്കി. കമന്ററി പാനലില്‍ ഒരുമിച്ചുള്ള ഹര്‍ഷ ഭോഗ്‍ലെയും സഞ്ജയ് മഞ്ജരേക്കര്‍ തമ്മില്‍ കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ സുഖകരമല്ലാത്ത ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ബോഗ്‍ലേ പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യുവാന്‍ യോഗ്യനല്ലെന്ന് മഞ്ജരേക്കര്‍ പറയുകയായിരുന്നു.