ഇംഗ്ലണ്ടിനെ വിന്‍ഡീസിനെതിരെ സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ നയിച്ചത് ബെന്‍ സ്റ്റോക്സ് ആയിരുന്നു. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ജോ റൂട്ട് വിട്ട് നിന്നതോടെയാണ് ഇംഗ്ലണ്ടിനെ നയിക്കുവാനുള്ള നറുക്ക് സ്റ്റോക്സിന് വീണത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍വിയായിരുന്നു സ്റ്റോക്സിനെ കാത്തിരുന്നത്.
ഒരു ഘട്ടത്തില്‍ വിജയം മുന്നില്‍ കണ്ടിരുന്നുവെങ്കിലും ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ ഇന്നിംഗ്സ് ഇംഗ്ലണ്ടിന്റെയും സ്റ്റോക്സിന്റെയും പ്രതീക്ഷയെ തകിടം മറിയ്ക്കുകയായിരുന്നു. താന്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ആസ്വദിക്കുന്നുണ്ടെങ്കിലും ഇത് ജോ റൂട്ടിന്റെ ടീം ആണെന്നും അദ്ദേഹത്തെ താന്‍ തിരികെ സ്വാഗതം ചെയ്യുന്നുവെന്നാണ് മത്സരശേഷം ബെന്‍ സ്റ്റോക്സ് വ്യക്തമാക്കിയത്.
200 റണ്‍സ് വിജയം കൈപ്പിടിയിലൊതുക്കുവാനുള്ള സ്കോറാണെന്നാണ് തങ്ങള്‍ കരുതിയതെന്നും പക്ഷേ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ കുറച്ച് കൂടി മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നുവെന്നും സ്റ്റോക്സ് വ്യക്തമാക്കി. മികച്ച സ്ഥിതിയില്‍ നിന്നാണ് ടീം പലപ്പോഴും അവസരം കൈവിട്ടതെന്നും ആദ്യ ഇന്നിംഗ്സില്‍ 400-500 റണ്‍സ് നേടിയിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും സ്റ്റോക്സ് വ്യക്തമാക്കി.