പണം ചൊരിഞ്ഞ് ബിസിസിഐ, സംസ്ഥാന അസോസ്സിയേഷനുകള്‍ക്ക് 30 കോടി ലഭിയ്ക്കും

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിൽ ഓരോ സംസ്ഥാന അസോസ്സിയേഷനുകള്‍ക്കും 30 കോടിയുടെ ഫണ്ട് പ്രഖ്യാപിക്കുമെന്ന് സൂചന. നാളെയാണ് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം. പുതിയ അസോസ്സിയേഷനുകളുടെയും നോര്‍ത്തീസ്റ്റിലെ അസോസ്സിയേഷനുകളുടെയും പങ്കിൽ നേരിയ വ്യത്യാസം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ബിസിസിഐയുടെ ആഭ്യന്തര മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും നടത്തുന്നതിന് ലഭിയ്ക്കുന്ന തുകയ്ക്ക് പുറമെയാണ് ഇത്. അസോസ്സിയേഷനുകള്‍ക്ക് ഹോസ്റ്റിംഗ് ഫീയായി ലഭിച്ചിരുന്ന തുകയും ബിസിസിഐ അടുത്തിടെ ഉയര്‍ത്തിയിരുന്നു.

സികെ നായിഡു ട്രോഫി, കൂച്ച് ബെഹാര്‍ ട്രോഫി, വിജയ് മര്‍ച്ചന്റ് ട്രോഫി എന്നിവയുടെ മാച്ച് ഡേ ഹോസ്റ്റിംഗ് ഫീസ് 100000 നിന്ന് 175000 ആക്കി ബിസിസിഐ ഉയര്‍ത്തിയിരുന്നു. ഇത് കൂടാതെ ഡേ നൈറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് വൈദ്യുതി നിരക്കിലെ വര്‍ദ്ധനവ് പരിഗണിച്ച് 350000 രൂപ ഒരു മത്സരത്തിന് കൊടുത്തിരുന്നത് 450000 ആയി ഉയര്‍ത്തിയിട്ടുണ്ട്.