മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസർഷിപ്പ് കരാറിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മുൻ സ്പോൺസർമാരായ ഡ്രീം11-ൻ്റെ കരാർ അവസാനിപ്പിച്ചതിനാലാണ് പുതിയ അപേക്ഷകൾ ക്ഷണിച്ചത്. സെപ്തംബർ 2, 2025-നാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. സെപ്തംബർ 16 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സെപ്തംബർ 9 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം ഒരു പ്രധാന സ്പോൺസർ ഇല്ലാതെയാവും കളിക്കുക. റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചുകൊണ്ടുള്ള ഓൺലൈൻ ഗെയിമിംഗ് നിയമം ഇന്ത്യൻ സർക്കാർ പാസാക്കിയതിനെ തുടർന്നാണ് ഡ്രീം11-മായുള്ള ബിസിസിഐയുടെ കരാർ റദ്ദാക്കിയത്. 2023-26 സൈക്കിളിൽ 44 മില്യൺ യുഎസ് ഡോളറിൻ്റെ കരാറിലാണ് ഡ്രീം 11 ഒപ്പുവെച്ചിരുന്നത്.
2027-ലെ പുരുഷ ലോകകപ്പ് ലക്ഷ്യമിട്ട് ഒരു ദീർഘകാല സ്പോൺസർഷിപ്പ് പങ്കാളിത്തത്തിലാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിയൽ-മണി ഗെയിമിംഗ്, ക്രിപ്റ്റോകറൻസി, വാതുവെപ്പ്, മറ്റ് നിരോധിത വിഭാഗങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെ അപേക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കി കർശനമായ യോഗ്യതാ മാനദണ്ഡങ്ങളാണ് ബിസിസിഐ വെച്ചിട്ടുള്ളത്. സെപ്തംബർ 30-ന് ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ സ്പോൺസർഷിപ്പിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.