ഓഗസ്റ്റിൽ ഓസ്ട്രേലിയയുമായുള്ള പരമ്പര നടത്താനാകുമെന്ന വിശ്വാസത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

ഓസ്ട്രേലിയയുമായുള്ള പരിമിത ഓവര്‍ പരമ്പര ഓഗസ്റ്റിൽ നടത്താനാകുമെന്ന വിശ്വാസത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള 18 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചുവെങ്കിലും മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ ഇതുവരെ ബംഗ്ലാദേശ് ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല.

ടീം താമസിക്കുന്ന ഹോട്ടലിൽ പുറത്ത് നിന്നാരും പാടില്ലെന്ന ആവശ്യമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ട് വെച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് സര്‍ക്കാര്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഇമിഗ്രേഷന്‍ കേന്ദ്രത്തിൽ പോകാതെ എയര്‍പോര്‍ട്ടിൽ നിന്ന് നേരെ ഹോട്ടലിലേക്ക് കടക്കുവാനുള്ള അവസരം നല്‍കണമെന്നാണ് ഓസ്ട്രേലിയന്‍ ബോര്‍ഡിന്റെ മറ്റൊരു ആവശ്യം. ധാക്കയിലും ചട്ടോഗ്രാമിലുമായി മത്സരങ്ങള്‍ നടത്താമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് മുന്നോട്ട് വെച്ചതെങ്കിലും ഓസ്ട്രേലിയന്‍ ബോര്‍ഡ് മത്സരങ്ങളെല്ലാം ധാക്കയിൽ നടത്തണമന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.