നാല് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍, ഇവരുടെ വിലക്ക് ഇപ്രകാരം

Sports Correspondent

വിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തെ രണ്ട് മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതിനു ഐസിസി കുറ്റക്കാരെന്ന് കണ്ടെത്തിയ ശ്രീലങ്കന്‍ മൂവര്‍ സംഘത്തിന്റെ ശിക്ഷ വിധിച്ചു. ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍, കോച്ച് ചന്ദിക ഹതുരുസിംഗേ, മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ എന്നിവര്‍ക്കെതിരെയുള്ള ശിക്ഷാവിധിയാണ് ഇന്ന് ജുഡീഷ്യല്‍ കമ്മീഷണര്‍ മൈക്കല്‍ ബെലോഫ് പുറപ്പെടുവിച്ചത്.

എട്ട് സസ്പെന്‍ഷന്‍ പോയിന്റുകളാണ് ഇവര്‍ക്കെതിരെയുള്ള നടപടി. നാല് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളിലും വിലക്കുണ്ടാകും. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകളിലും ആദ്യ നാല് ഏകദിനങ്ങളിലും ഇവര്‍ക്ക് പങ്കെടുക്കാനാകില്ല.

ദിനേശ് ചന്ദിമല്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന മാച്ച് ഒഫീഷ്യലുകളുടെ കണ്ടെത്തലിനെതിരെയാണ് ഇവര്‍ മൂന്ന് പേരും പ്രതിഷേധ സൂചകമായി രണ്ട് മണിക്കൂറോളം മത്സരം തടസ്സപ്പെടുത്തുന്നതിനു കാരണമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial