അഫ്ഗാനിസ്ഥാനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് ആദ്യം പതറിയെങ്കിലും ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ നിലയുറപ്പിച്ചതോടെ അഫ്ഗാനിസ്ഥാനെ വീഴ്ത്തി മുന്നേറുവാന്‍ ബംഗ്ലാദേശിനായിരുന്നു. തങ്ങള്‍ക്കെതിരെ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം കുറിച്ച അഫ്ഗാനിസ്ഥാനെ ഫൈനലിന് മുമ്പുള്ള ഫൈനലില്‍ ബംഗ്ലാദേശ് കീഴടക്കുമ്പോള്‍ ഫൈനലില്‍ ടീമിന്റെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല ഉയര്‍ത്തുക.
കഴിഞ്ഞ ഏതാനും മാസങ്ങളായി ടി20യില്‍ ബംഗ്ലാദേശ് പിന്നില്‍ പോകുകയാണെന്നും അത് ശരിയാക്കുവാനുള്ള ശ്രമമാണ് ബംഗ്ലാദേശ് നടത്തി വരുന്നതെന്നും ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി. ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യമായ ഒരാള്‍ വേണ്ടിയിരുന്നുവെന്നും തനിക്ക് അതിന് സാധിച്ചത് ടീമിന്റെ വിജയം ഉറപ്പാക്കാനാകുമെന്നു ഷാക്കിബ് സൂചിപ്പിച്ചു.
ടൂര്‍ണ്ണമെന്റിലുടനീളം ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഫീല്‍ഡര്‍മാര്‍ അവരെ വേണ്ടുവോളം പിന്തുണച്ചുവെന്നും ഷാക്കിബ് പറഞ്ഞു. ബാറ്റിംഗാണ് പലപ്പോഴും അവസരത്തിനൊത്തുയരാതിരുന്നതെന്നും ഫൈനല്‍ വളരെ വ്യത്യസ്തമായ മത്സര സാഹചര്യമാണെന്നും അഫ്ഗാനിസ്ഥാനെപ്പോലെ മികച്ച ടീമിനെതിരെ ടീം ഒരുമിച്ച് നിന്ന് പ്രകടനം പുറത്തെടുത്താലെ വിജയം നേടാനാകുവെന്നും ഷാക്കിബ് വ്യക്തമാക്കി.