ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍ റൈഡേഴ്സിനെ പുറത്താക്കിയ ശേഷം 16.4 ഓവറില്‍ 147 റണ്‍സ് നേടിയാണ് ധാക്ക വിജയം ഉറപ്പിച്ചത്.
ഒരു ഘട്ടത്തില്‍ 97/5 എന്ന നിലയിലേക്ക് വീണ് ധാക്കയെ 19 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നല്‍കിയത്. 5 സിക്സുകളുടെ സഹായത്തോടെയായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. റോണി താലുക്ദാര്‍(35), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. 16.4 ഓവറിലായിരുന്നു ധാക്കയുടെ ആധികാരിക വിജയം. രംഗ്പൂരിനായി മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത രംഗ്പൂരിനെ റൂബല്‍ ഹൊസൈന്റെ 4 വിക്കറ്റുകളാണ് പിടിച്ചുകെട്ടിയത്. 49 റണ്‍സ് നേടിയ രവി ബൊപ്പാരയും മുഹമ്മദ് മിഥുന്‍(38), നദീഫ് ചൗധരി(27) എന്നിവരുടെ പ്രകടനങ്ങളുമാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 142 റണ്‍സ് നേടുവാന്‍ സഹായിച്ചത്. റൂബലിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ഖാസി ഒനിക്കും ആന്‍ഡ്രേ റസ്സലും എത്തിയപ്പോള്‍ രംഗ്പൂരിന്റെ ഇന്നിംഗ്സ് 19.4 ഓവറില്‍ അവസാനിച്ചു.